Saturday, September 11, 2010

മഴമേഘം.....

മഴമേഘം.....

രുവശവും മരങ്ങള്‍ തിങ്ങി നിന്ന വഴിയിലൂടെ നടക്കവെ ഞാന്‍ അവനോട് പറഞ്ഞു
"എനിക്ക് കുറെ കാലത്തിനു ശേഷമൊരു കഥ എഴുതാന്‍ തോന്നുന്നു ...."
" കഥ വേണ്ട."
"എന്തു കൊണ്ടാന്നറിയില്ലാ നിന്നെ എനിക്ക് ഇഷ്ടമാണ് ."
"അതേയോ ശരി .ഇഷ്ടമുള്ളത് ആവാം, ഇതാ വിട്ടു തരുന്നു."
"പ്രണയമോക്കെ മനസ്സില്‍ നിന്ന് കൈ മോശമായെന്ന് തോന്നി തുടങ്ങി."
"എന്നെ പ്രോവോക് ചെയ്യാനും മാത്രം, അത്രത്തൊളം പ്രണയം ഇപ്പോഴും ഉണ്ട്, കേട്ടോ."
"പ്രണയം ഉണ്ടെങ്കില്‍ അത് കവിതയോട് പിന്നെ നിന്റെ സ്വരം അതും, പിന്നെ നിന്റെ കുസൃതി...."
" മതി മതി ...കുസൃതി ഫീല്‍ ചെയ്തൊ?"
വഴിയില്‍ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. വെള്ളിനിലാവ് മരച്ചില്ലയിലൂടെ അരിച്ചിറങ്ങുന്നു.
"നിലാവിന്റെ മണമെന്താന്ന് നോക്ക്."
"ഹും അതിനു മുന്‍പ് നിന്റെ ചെവിയില്‍ ഒരു നനഞ്ഞ ഉമ്മ വയ്ക്കണം.എന്നീട്ടു നിലാവു മാത്രമല്ല നിഴലും മണപ്പിക്കാം."
"ഞാന്‍ മരച്ചോട്ടിലിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു."
"ഹും."
"മരങ്ങളെ പ്രണയിക്കാം.. മരത്തിനു കാതുകളുണ്ടൊ?"
"ഉണ്ടാകാം മരത്തിനു എല്ലാം ഉണ്ട് കാലും കയ്യും.."
"അതെ അത് എനിക്കും തോന്നാറുണ്ട്. ശരിക്കും മരം സംസാരിക്കും"
"അതേ, കണ്ണീര്‍ പൊഴിക്കും, പാടും "
"മനസ്സില്‍ പറയുന്നതിനു പോലും മറുപടി തരും."
"തഴുകും തലോടും കണ്ടില്ലങ്കില്‍ വല്ലത്ത വിഷാദമാണ് ഇല അനക്കത്തില്‍ നിന്നതറിയാം."
" തഴുകല്‍! എന്തൊരു സുഖമാണത്."
"ഉം..."
"ഇവിടെ മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഭൂമിയില്‍ ഒറ്റക്ക് അല്ലന്നെ തോന്നല്‍"
"ആവാം"
"പറയാതെ എന്തൊ പറയുന്ന ഭാവം."
" ഞാന്‍ ഒന്നു ചോദിക്കട്ടെ ?"
"ചോദിക്ക്..എന്താ ചോദിക്കുന്നെ എന്നെങ്കിലും അറിയാമല്ലൊ"
" അതല്ല അതല്ല എന്നിലെ എന്നോട് തന്നെ ഞാന്‍ ചോദിക്കട്ടെ"
" ആലിംഗനം നീ ഓര്‍ക്കുന്നൊ?
"നിന്റെ ആലിംഗനം അതൊരു മരത്തില്‍ നിന്നാണെന്നു തോന്നി."
"അതൊരു തമാശയായി തോന്നിയൊ?"
"ഒരു പാവം പൊലെ വളരെ നിഷ്‌കളങ്കമായി ആയി വന്ന് പെട്ടന്ന് കെട്ടിപിടിച്ചു."
"എന്നിട്ട് എന്നിട്ട് .."
"ഞാന്‍ പോലും ഒന്നും ഓര്‍ത്തില്ല."
"അതേ അപ്പോള്‍ ഞാനും. അതിനു ശേഷം അന്ന് രാത്രി ഞാന്‍ ഇങ്ങോട്ടു കൊണ്ടു പോന്നു. കെട്ടി പിടിച്ച ആളെ. അത്രയേ ഉള്ളു."
"അതെ പാടുള്ളു ചില ഇഷ്ടങ്ങള്‍ മനസില്‍ തന്നെ ഇരിക്കട്ടെ".
മഴമേഘങ്ങള്‍ മാനത്ത് ഓടിവന്നു തുടങ്ങി ..നിലാവെളിച്ചവും കറുത്ത മഴമേഘങ്ങളും മനോഹരമായ കാഴ്ച.പെട്ടന്ന് അവന്‍ പറഞ്ഞു.
"എനിക്ക് ഒരു പെരുമഴയെ പോലെ പെയ്യണം."
"മരത്തിനു ചോട്ടില് ഞാനുണ്ടാവും മഴ തോര്‍ന്നാല്‍ മരം പെയ്യും."
"പെയ്യുന്നത് ഒരു തുള്ളി പോലും കളയാതെ കൊള്ളുമൊ?"
"ഉം.."
"എന്നാല്‍ ഇപ്പോള്‍ ആരും കാണതെ ഞാനൊന്നു പെയ്യട്ടെ.
നോക്ക് ഇവിടെ ഒരു മഴ മേഘം വിതുമ്പി നില്‍ക്കുന്നു.."
"ഒരു മഴമേഘം ഇതിലെ പറന്നകലുന്നു."
"ഒന്ന് പെയ്യാന്‍ പറ്റിയെങ്കില്‍... മുഴുവനായി."
"ഒരു മഴയും മുഴുവനായി പെയ്യുന്നില്ലാ."
"പെയ്യുമ്പോള്‍ ഞാന്‍ മുഴുവനായി പെയ്യും." അവനപ്പോള്‍ മഴമേഘത്തിന്റെ സ്വരമായിരുന്നു.
"തീര്‍ത്തും കുഴികള്‍ നിറച്ച് ഒരിടം പോലും ബാക്കി വയ്ക്കാതെ മലകള്‍ താഴ്‌വാരങ്ങള്‍ ഗര്‍‌ത്തങ്ങള്‍ അടിവാരങ്ങള്‍
എല്ലയിടവും നനച്ചു ഒരു പെയ്യല്‍...."
മാനത്തേയ്ക്ക് നോക്കി അകലത്തില്‍ നിന്നുള്ള ഇടിമുഴക്കം പോലെ അവന്‍ ചോദിച്ചു
"ഞാന്‍ പെയ്യട്ടെ?"
തണുത്ത കാറ്റിനു ചൂട് പിടിച്ചപോലെ, ചാറ്റല്‍ മഴ വന്നു വീണു...
മരച്ചോട്ടില്‍ നിന്ന് അവന്റെ കയ്യും പിടിച്ച് മാനത്ത് നിന്ന് വീണ മഴതുള്ളിയെ മുഖത്തേക്ക് ഏറ്റു വാങ്ങിയപ്പോള്‍
"വല്ലപോഴുമേ ഉള്ളു ഇതാ ഇത് പോലെ...."
അവന്റെ മുഖത്തെ ഭാവം വായിച്ചേടുക്കാന്‍ ഒരു വിഫല ശ്രമം നടത്തി.
വര്‍ഷങ്ങളുടെ ഓര്‍മ്മകളെ നനയ്ക്കുന്ന മഴ.
മരുഭൂമിയിലെ മഴ പോലെ!!